5-October-2023 -
By. news desk
കൊച്ചി: തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് കൂടിവരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യന്‍തീരത്തെ കടല്‍സസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള 100ദിവസ സമുദ്രഗവേഷണ ദൗത്യത്തിന് തുടക്കം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആര്‍ഐ) കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സമുദ്ര ദൗത്യം. കൊച്ചിയില്‍ നിന്നും യാത്രതിരിച്ച സംഘം തീരത്ത് നിന്നും 12 നോട്ടിക്കല്‍ മൈല്‍ പരിധിയിലുള്ള മേഖലയാണ് സര്‍വേ നടത്തുന്നത്.വിവിധയിനം തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍, കടല്‍പശു തുടങ്ങിയ കടല്‍സസ്തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്താനും അവയുടെ ആവാസകേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകള്‍ മനസ്സിലാക്കാനുമാണ് ദൗത്യം. തിമിംഗലങ്ങള്‍ ചത്തു കരയ്ക്കടിയുന്നത് കൂടുവരുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താനും ലക്ഷ്യമുണ്ട്.
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇതിന് കാരണമാകുന്നുണ്ടോയെന്ന് പഠിക്കും. ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്ന് ഈ ഗവേഷണപദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഡോ ആര് രതീഷ്കുമാര്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ സമുദ്രദൗത്യം ഈ പഠനത്തിന് മുതല്‍ക്കൂട്ടാകും.പ്രതികൂല കാലാവസ്ഥയും അടിക്കടിയുള്ള ചുഴലിക്കാറ്റുകളും അതിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭങ്ങളും കടല്‍സസ്തനികളെ ഏതൊക്കെ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രീയ വിവിരശേഖരണത്തിലൂടെ വിലയിരുത്താനാകും. സമുദ്രാന്തര്ഭാഗത്തുണ്ടാകുന്ന ശബ്ദമലിനീകരണവും കപ്പലുകളുമായുള്ള കൂട്ടിയിടിയും ബൈകാച്ചായി പിടിക്കപ്പെടുന്നതും തിമിംഗലം, ഡോള്‍ഫിന്‍ പോലുള്ളവയ്ക്ക് ഭീഷണിയാകുന്നുണ്ട്.
12 നോട്ടിക്കല്‍പരിധിക്കുള്ളിലാണ് സര്‍വേ. സസ്തനികളുടെ സാന്നിധ്യം ബൈനോകുലര്‍ ഉപയോഗിച്ച് തിരിച്ചറിയുകയും അവിടെയെത്തി അനുബന്ധ വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ചെയ്യുന്നത്.2021ലാണ് ആദ്യമായി സിഎംഎഫ്ആര്‍ഐ കടല്‍സസ്തനികളുടെ വിവരശേഖരണത്തിനുള്ള ഗവേഷണ ദൗത്യത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ വിവിധയിനം തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍ ഉള്‍പ്പെടെ 16 ഇനം കടല്‍സസ്തനികളുടെ സാന്നിധ്യം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് സിഎംഎഫ്ആര്‍ഐ രേഖപ്പെടുത്തുകയുണ്ടായി. ചെറിയ ഇടവേളക്ക് ശേഷം 2023ല്‍ പദ്ധതി പുനരാരംഭിക്കുകയും ചെയ്തു. ഇന്ത്യ മുഴുവന്‍ സര്‍വേ നടത്തുന്നതിനായി 100 ദിവസമെടുക്കുമെന്നാണ് കരുതുന്നത്.